District News
കൊല്ലം: കൊല്ലം രൂപതയിലെ മുതിര്‍ന്ന വൈദികനും ജനകീയ സമരങ്ങളിലെ മുന്നണി പോരാളിയും മത്സ്യതൊഴിലാളി സമരങ്ങളുടെ അമരക്കാരനുമായ ഫാ. റൊമാന്‍സ് ആന്റണി പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍. എട്ടിനു രാവിലെ പതിനൊന്നിനു തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചു ദൈവത്തിനു നന്ദി പറഞ്ഞു ചടങ്ങുകള്‍ ആരംഭിക്കും.
സൈലന്റ് വാലി, പ്ലാച്ചിമട, ചെങ്ങറ തുടങ്ങിയ ജനകീയ സമരങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന റോമാന്‍സ് അച്ചന്, ചെങ്ങറ സമരത്തിലും മത്സ്യതൊഴിലാളി സമരത്തിലും ആശാസമരങ്ങളിലും മുഖ്യപങ്കാളിയായിരുന്നു. കൊല്ലം രൂപതയിലെ വാടി ഇടവകയില്‍ കോട്ടപ്പുറം കുടുംബത്തില്‍ ആന്റണി ഫെര്‍ണാണ്ടസിന്റെയും ഡോറത്തി ആന്റണി ഫെര്‍ണാണ്ടസിന്റെയും മൂന്നാമത്തെ മകനായി 1951 ഏപ്രില്‍ 13നു ജനിച്ചു. കൊല്ലം സെന്റ് റാഫേല്‍ സെമിനാരിയിലും മംഗലാപുരം സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയിലും മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി. റോമിലെ ഉര്‍ബാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. സാമൂഹ്യസേവനം, ജേര്‍ണലിസം, മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമ നേടി. 1976 ജൂലൈ 24ന് ബിഷപ് ജെറോം ഫെര്‍ണാണ്ടസിന്റെ കൈവയ്പ് വഴി പുരോഹിതനായി. രൂപതയിലെ വിവിധ ഇടവകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.
1990 മുതല്‍ 2001 വരെ കൊല്ലം രൂപതയില്‍ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ രൂപീകരണത്തിന്റെ ചുമതലക്കാരനായിരുന്നു. രൂപതാ അജപാലന പുന: ക്രമീകരണം, മിനിസ്ട്രി ഏകോപനം എന്നീ ശുശ്രൂഷകളുടെ മേല്‍നോട്ടം വഹിച്ചു. 1500 സഭാകൂട്ടായ്മകള്‍ രൂപീകരിക്കുവാന്‍ സാധിച്ചു. 2002 മുതല്‍ 2008 വരെ കൊല്ലം രൂപതാ സാമൂഹ്യസേവന ശുശ്രൂഷയുടെ തലവനായും ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖ്യകാര്യദര്‍ശിയായും സേവനം അനുഷ്ഠിച്ചു. ഇക്കാലയളവില്‍ സുനാമി ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പുനരധിവാസത്തിന്റെ ഭാഗമായി 1100 ഭവനങ്ങളും 750 പേര്‍ക്ക് തൊഴില്‍ ഉപകരണങ്ങളും നല്കി. 1700 വനിതാ സ്വയം സഹായസംഘങ്ങള്‍ രൂപീകരിക്കുകയും വികസനത്തിന്റെ മുഖ്യധാരയില്‍ 15000 വനിതകളെ നിയോഗിക്കുകയും ചെയ്തു.
2008 ഫെബ്രുവരി മുതല്‍ 2014 മാര്‍ച്ച് വരെ കേരളാ കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡവലമെന്റ് കമ്മീഷന് സെക്രട്ടറിയായും കേരളാ സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനം ചെയ്തു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച കെസിബിസി ഉന്നതകാര്യ സമിതിയിലെ അംഗമായിരുന്നു. കേരളത്തിലെ തീരദേശ ഗ്രാമങ്ങളിലും വേമ്പനാട്ട് കായലിന്റെ തീരങ്ങളിലും ദുരന്ത ആഘാത ലഘൂകരണ പദ്ധതിക്കു നേതൃത്വം നല്കി. വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഉണര്‍ത്തിയ പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതിക്കു നേതൃത്വം നല്കി. മൂലംന്പള്ളി കുടിയിറക്കലിനു വിധേയമായ കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള സമരസമിതിയില്‍ അംഗമായിരുന്നു. സൊസൈറ്റി ഫോര്‍ എംപവറിംഗ് ആക്ഷന്‍ എന്ന സംഘടനയുടെ പ്രസിഡന്റാണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജൈവകൃഷി സര്ട്ടിഫിക്കേഷന് ഏജന്‍സി ആയ ഇന്‍ഡോസെര്‍ട്ടിന്റെ വൈസ്പ്രസിഡന്റാണ്.
കൊല്ലം കാക്കോട്ടുമൂല തിരുഹൃദയ പള്ളി ഇടവക വികാരിയിരുന്ന ഫാ. റൊമാന്‍സ് ആന്റണി രൂപതയിലെ പ്രോജക്ട് കോര്‍ഡിനേറ്ററായി സേവനം ചെയ്യുന്നു.അന്താരാഷ്ട്ര കാരിത്താസ് പുരസ്കാരം, സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസാപത്രം എന്നിവ ലഭിച്ചു. 35 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
District News
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ഒരുവർഷം നീണ്ടുനിന്ന വിവിധ പരിപാടികളുമായാണു ജൂബിലി ആഘോഷം നടത്തിയത്.
വിവിധ പൂർവ വിദ്യാർഥി സംഗമങ്ങൾ, സ്പാഗോ ഇന്റർനാഷണൽ കമ്പനി സിഇഒയും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ബെന്നി തോമസ് സ്പോൺസർ ചെയ്ത അത്യാധുനിക കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എന്നിവയും നടന്നു. ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെയുള്ള കംപ്യൂട്ടർ ലാബാണ് വിദ്യാർഥികൾക്കായി സജ്ജമാക്കിയിട്ടുള്ളത്.
സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി, മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ബെന്നി തോമസ്, പിടിഎ പ്രസിഡന്റ് ബെന്നി കവിയിൽ, മദർ പിടിഎ പ്രസിഡന്റ് ഷിബി മങ്കുന്നത്ത്, ലിജു പനച്ചിക്കൽ, ബിജു ഫ്രാൻസിസ്, ജിൻസി ജോസ് എന്നിവർ പ്രസംഗിച്ചു.
NRI
ഡാളസ്: ഫാ.ഏലിയാസ് എരമത്ത് പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി നിറവില്‍. അധ്യാത്മികതയുടെ വഴിത്താരയിലൂടെ കഴിഞ്ഞ 50 വര്‍ഷക്കാലമായി സഭയെ ശുശ്രൂഷിച്ചു വരുന്ന ഈ വൈദീക ശ്രേഷ്ഠന്റെ പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന സുവര്‍ണാവസരത്തില്‍ തന്നെ ബ. അച്ചന്റെ തികഞ്ഞ അര്‍പ്പണ ബോധത്തിനും നിസ്തുലമായ സഭാ സേവനത്തിനുമുള്ള ഒരംഗീകാരമെന്ന നിലയില്‍, മേയ് 23ന് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസനാധിപന്‍ യല്‍ദൊ മോര് തീത്തോസ് മെത്രാപോലീത്താ തിരുമനസുകൊണ്ട് പൗരോഹിത്യത്വത്തിന്റെ ഉന്നത പദവിയായ കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനം നല്കി ആദരിക്കുന്നു.
കണ്ടനാട് ഭദ്രാസനത്തില്‍പ്പെട്ട, പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ഇടവകയില്‍ എരമത്ത് മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത മകനായി 1948ല്‍ ജനിച്ചു. വിവാഹം കഴിഞ്ഞ് 24 വര്‍ഷമായിട്ടും തങ്ങള്‍ക്ക് മക്കളില്ലായെന്ന ദുഃഖത്തില്‍ ആയിരുന്ന മത്തായി-കുഞ്ഞമ്മ ദമ്പതികള്‍, തങ്ങളുടെ ജീവിതത്തിലെ ആ ദുഃഖം മനസ്സില്‍ പേറി പ്രാര്‍ത്ഥനയോടെ കഴിഞ്ഞിരുന്ന കാലത്ത്, മലങ്കരയില്‍ സന്ദര്‍ശനം നടത്തിയ പ. ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവാ പുത്തന്‍കുരിശ് ദേവാലയത്തില്‍ ഒരാഴ്ചക്കാലം താമസിച്ച വേളയില്‍, പ. ബാവായോട് ഏറെ സങ്കടപൂര്‍വം തങ്ങളുടെ ദുഃഖം പങ്കുവയ്ക്കുകയും ബാവ തലയില്‍ കൈവച്ച് പ്രാര്‍ഥിച്ച്, ദൈവം നിങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരുമെന്ന് പറഞ്ഞ് അനുഗ്രഹിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു.
ദൈവത്തില്‍ ആശ്രയിച്ച ദമ്പതികള്‍, തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ അവനെ ദൈവ വേലക്കായി സമര്‍പ്പിക്കുമെന്ന് നേര്‍ച്ച നേരുകയും ചെയ്തു. അധികം വൈകാതെ ആ ദമ്പതികള്‍ക്ക് തങ്ങളുടെ കടിഞ്ഞൂല്‍ മകനായി ഏലിയാസ് ജനിച്ചു. മഞ്ഞിനിക്കര ദയറായില്‍ മോര് യൂലിയോസ് ബാവായാല്‍ വി: മാമോദീസ ഏല്ക്കുവാന് ഭാഗ്യം ലഭിച്ച ഏലിയാസ് വളരെ ചെറുപ്പം മുതല്‍ തന്നെ വീടിനോട് വളരെ അടുത്തുള്ള പുത്തന്‍കുരിശ് ദേവാലയത്തിലെ ശുശ്രൂഷകളില്‍ വ്യാപൃതനായി.
1966 ജൂണ്‍ 13ന് കണ്ടനാട് ഭദ്രാസന മെത്രാപോലീത്താ ആയിരുന്ന പൗലോസ് മോര് പീലക്സിനോസ് മെത്രാപോലീത്തായാല്‍ (മലങ്കരസഭയുടെ പ്രകാശഗോപുരമായിരുന്ന കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ)പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വച്ച് വൈദീക വൃത്തിയുടെ ആദ്യപടിയായ ശെമ്മാശ്ശ പട്ടം സ്വീകരിച്ച് സഭാ ശുശ്രൂഷകളില്‍ പൂര്‍ണ സമയ സേവകനായി.
ഏഴ് വര്‍ഷക്കാലം ശ്രേഷ്ഠ പിതാവിനോടൊപ്പം മുവാറ്റുപുഴയിലും, പിറമാടത്തുമായി ഒരുമിച്ച് താമസിക്കുന്നതിനുള്ള അവസരവും ലഭിച്ചു. മഞ്ഞിനിക്കര ദയറായില്‍ നിന്നും വൈദീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാ. ഏരമത്ത് മലയാള ഭാഷയില്‍ ഡിഗ്രി സമ്പാദിച്ച ശേഷം, 1975ല്‍ എറണാകുളം ജില്ലയിലെ വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി.
1976 ഫെബ്രുവരി 15ന് വിവാഹിതനായ അദ്ദേഹം, അതേ വര്‍ഷം മേയ് 22ന് മുവാറ്റുപുഴ അരമനയില്‍ വച്ച് ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയില്‍ നിന്നും കശീശാ പട്ടവും സ്വീകരിച്ചു.
ബ: അച്ചന്റെ അഞ്ചാം പട്ടം (ഈദിയാക്കോനൊ) ഭാഗ്യ സ്മരണാര്‍ഹനായ കാലം ചെയ്ത പെരുമ്പിള്ളി മോര് ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ ആ പട്ടം കൊട ശുശ്രൂഷയോടനുബന്ധിച്ചുള്ള ചടങ്ങിലാണ് നിര്വഹിക്കപ്പെട്ടതെന്നുള്ളത് ഒരു ദൈവഹിതമായി കരുതുന്നു.(തിരുമേനിയുടെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി കൂടിയായിരുന്നു ബ: അച്ചന്).
പൂര്‍ണ്ണ ശെമ്മാശപട്ടം(മ്ശംശോനോ) അഭിവന്ദ്യ മോര് ദിവന്യാസ്യോസ് തിരുമേനിയാല്‍(കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവ) നല്കപ്പെട്ടുവെന്നതും അനുഗ്രഹകരമാണ്. തുടര്‍ന്ന് സെന്റ് മേരീസ് ചര്‍ച്ച് പൂതൃക്ക, സെന്റ് മേരീസ് ചര്‍ച്ച് വരിക്കോലി, സെന്റ് ജോര്‍ജ് ചര്‍ച്ച് കുന്നപ്പിള്ളി, സെന്റ് ജോണ്‍സ് ചര്‍ച്ച് ഞാറക്കാട്, സെന്റ് ജോര്‍ജ് ചര്‍ച്ച് പാങ്കോട്, മലേ കുരിശ് ദയറാ പള്ളി എന്നിവിടങ്ങളില്‍ വൈദീക സേവനമനുഷ്ഠിച്ചു.
കുന്നപ്പിള്ളിയിലേയും, പാങ്കോടിലേയും ചാപ്പലുകള്‍, വലിയ ദേവാലയങ്ങളായി പടുത്തുയര്‍ത്തുവാന്‍ നേതൃത്വം നല്കുവാന് ബ: അച്ചന്റെ സേവന കാലഘട്ടത്തില്‍ സാധിച്ചുവെന്നുള്ളത് ബ: അച്ചന്റെ അര്‍പ്പണ മനോഭാവത്തിന്റെയും, അശ്രാന്ത പരിശ്രമത്തിന്റെയും മകുടോദാഹരണമാണ്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ: അച്ചന്(1986) അമേരിക്കയുടെ മണ്ണില്‍, നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിനും അവ വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതിനുമായി അശ്രാന്ത പരിശ്രമം നടത്തിയ പ്രമുഖരായ വൈദീകരില്‍ ഒരാളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
സെന്റ് ജോണ്‍സ് ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്റ്, സെന്റ് മേരീസ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ് ന്യൂയോര്‍ക്ക്, സെന്റ് ജോര്‍ജ് ചര്‍ച്ച്, ന്യൂജഴ്സി എന്നീ ദേവാലയങ്ങളിലെ ശ്രുശ്രൂഷകള്‍ക്കു ശേഷം 1991 മുതല്‍ നീണ്ട 19 വര്‍ഷക്കാലം(2010 വരെ) ഡാളസ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ വികാരിയായി സ്തുത്യര്‍ഹമാം വിധം സേവനമനുഷ്ഠിച്ചു.
1991 കാലഘട്ടത്തില്‍ 40 കുടുംബങ്ങള്‍ മാത്രം അംഗങ്ങളായുണ്ടായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ പിന്നില്‍ ബ: അച്ചന്റെ സേവന കാലഘട്ടിലെ നേതൃത്വ പാടവവും അശ്രാന്ത പരിശ്രമവും വിസ്മരിക്കാനാവാത്ത ഒരു ഘടകമാണെന്നുള്ളത് ഇത്തരണത്തില്‍ പ്രസ്താവ്യമാണ് തുടര്‍ന്ന് മെസ്ക്കീറ്റ് മോര് ഗ്രിഗോറിയോസ് ദേവാലയം, സെന്റ് മേരീസ് ചര്‍ച്ച് കരോള്‍ട്ടന്‍, സെന്റ് ജോര്‍ജ് ചര്‍ച്ച്, ഓസ്റ്റിന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
2008ല്‍ അമേരിക്കന്‍ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകരായവര്ക്ക് അവരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്കി ആദരിക്കുന്നതിനായി പ:പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും അയച്ചതായ കല്പനയില് ബ: അച്ചന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആ അവസരത്തില്‍ ബ: അച്ചന് വിനയ പുരസരം അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
ഭാര്യ ഏലിസബേത്ത് തുരുത്തേല്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പയുടെ മകളാണ്. സഹോദരങ്ങള്‍ തോമസ്, യാക്കോബ്. മക്കള്‍: ബിനു (ഫിസിയോ തെറാപ്പിസ്റ്റ്), ജോര്‍ജ് (അഡ്മിനിസ്ട്രേറ്റര്‍, എഡ്യൂക്കേഷന്‍ ഡപ്പാര്ട്ട്മെന്റ് തിയോളജയില്‍ മാസ്റ്റേഴ്സ് ബിരുദധാരി. മരുമക്കള്‍: രമ്യ ഫിസിയോതെറാപ്പിസ്റ്റ്. ഷേര്‍ളി ഫാമിലി മെഡിസന്, ഫിസിഷ്യന്‍. കൊച്ചുമക്കള്‍: നോയല്‍, ഇസബേല്‍, ഇമ്മാനുവേല്‍, അബീഗയില്‍, ക്ലോയി.
പൗരോഹിത്വത്തിന്റെ മഹോന്നത പദവിയില്‍ 60 വര്‍ഷക്കാലം (1966 മുതല്‍ 2026 വരെ) പൂര്‍ത്തീകരിച്ചതിന്റെയും, അമേരിക്കന്‍ അതിഭദ്രാസനത്തിലെ 40 വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തീകരിച്ചതിന്റെയും 50-ാം വിവാഹ വാര്ഷീകത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ബ: അച്ചന്റെ മികവുറ്റ സേവനത്തിനും കറയില്ലാത്ത സഭാ സ്നേഹത്തിനുമുള്ള അംഗീകാരമെന്ന നിലയില്‍ ബ: അച്ചന് കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്കി ആദരിക്കുന്നത്, ഏറെ സന്തോഷകരമാണെന്നും തുടര്‍ന്നുള്ള അച്ചന്റെ സേവനത്തിനും പ്രവര്‍ത്തനത്തിനുമായി, സര്‍വശക്തനായ ദൈവം എല്ലാവിധ ആയുര്‍ ആരോഗ്യ സൗഖ്യങ്ങളും പ്രദാനം ചെയ്യട്ടേയെന്ന് പ്രാർഥിക്കുന്നതായും ഇടവക മെത്രാപോലീത്താ കല്പനയിലൂടെ ഉദ്ബോധിപ്പിച്ചു.
NRI
ന്യൂയോർക്ക്: യാക്കോബായ സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദികനായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24ന് 50 വർഷം പൂർത്തിയാകുന്നു.
അമേരിക്കൻ അതിഭദ്രാസനത്തിൽ യെൽദൊ മോർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ - ഭരണപര പ്രവർത്തനങ്ങളിൽ ചട്ടത്തിൽ അച്ചന്റെ സമർപ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുൻപ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
1952 ഓഗസ്റ്റ് ഒമ്പതിന് കുമരകത്ത് നെല്ലാനിക്കൽ കുടുംബത്തിൽ പരേതനായ തോമസ് വർഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പിൽ കുടുംബത്തിൽപ്പെട്ട വളളാംകടവിൽ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു.
1974 നവംബർ 25ന് പെരുമ്പിള്ളി തിരുമേനിയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബർ രണ്ടിന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1976 ഫെബ്രുവരി 22ന് തിരുമേനിയുടെ തൃക്കരങ്ങളാൽ പൂർണ ശെമ്മാശനായി.
മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള മഹത്വപൂർണ തുടക്കം ലഭിച്ചത്.
District News
ആലപ്പുഴ: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ സുവർണജൂബിലിയുടെ ഭാഗമായുള്ള വചനപ്രഘോഷണ യാത്ര ആലപ്പുഴയിലെത്തി. ദിവ്യകാരുണ്യ ആരാധനയ്ക്ക് വികാരി ഫാ. മാത്യു നടമുഖത്ത് കാർമികത്വം വഹിച്ചു. ഫാ. ജോൺസൺ തൗണ്ടിയിൽ വചനം പ്രഘോഷണം നടത്തി. കേരള കത്തോലിക്ക കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ തൗണ്ടിയിൽ, ഫൊറോനാ വികാരി ഫാ. മാത്യു നടമുഖത്തിനു വചനം കൈമാറി. വചന വണക്കത്തോടെയും ദിവ്യബലിയോടെയും പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിയിലെ വചനപ്രഘോഷണ യാത്ര അവസാനിച്ചു.
സബ് സോൺ കോ-ഓർഡിനേറ്റർ ജോൺസൺ ആലപ്പാട്ട്, കരിസ്മാറ്റിക് സോൺ അംഗം ജോജിച്ചൻ സി. പൂണിയിൽ, ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ബിനു ചിറയിൽ, റോയി, സാലിമ്മ, ഷാജി ആന്റണി എന്നിവർ നേതൃത്വം നൽകി.
District News
തിരുവനന്തപുരം : ഇന്ത്യ കാന്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ ബിഷപ് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ്, പ്രഫ. കോശി തലയ്ക്കൽ, പാസ്റ്റർ കെ.സി. തോമസ്, റവ. ഡബ്ല്യു. ലിവിങ്സ്റ്റൺ, സംഘാടക സമിതി ചെയർമാൻ ഷെവ. ഡോ. കോശി എം. ജോർജ്, ജനറൽ കണ്‍വീനർ ഏബ്രഹാം വിൽസൻ, പ്രോഗ്രാം കണ്‍വീനർ എസ്.എ. സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മലയാളി മനസുകളിൽ ആഴത്തിൽ പതിഞ്ഞ പതിനഞ്ചോളം ക്രൈസ്തവ ഗാനങ്ങൾ ടോമി ജോർജിന്റെ നേതൃത്വത്തിൽ ഹാർട്ട് ബീറ്റ്സ് ടീം അവതരിപ്പിച്ചു.
Kerala
തൊടുപുഴ: ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ അറിയിച്ചു.
രാവിലെ ഒന്‍പതിന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, കെസിബിസി കരിസ്മാറ്റിക് കമ്മീഷന് സെക്രട്ടറി ഫാ. ജോണ്സണ് തൗണ്ടയില്‍, ഷെക്കെയ്ന ന്യൂസ് എംഡി ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ പ്രസംഗിക്കും.
നാളെ മുതല്‍ 10 വരെ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്വന്ഷന് നടക്കും. എല്ലാ ശനിയാഴ്ചകളിലും റൂഹാഭിഷേകം ബൈബിള്‍ കണ്വന്ഷന് നടക്കും. ജൂബിലിയോടനുബന്ധിച്ച് എല്ലാ മാസങ്ങളിലും നടക്കുന്ന കണ്‍വന്‍ഷനുകളില്‍ പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ജേക്കബ് മുരിക്കന്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കും.
ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ 9.15നും 9.45നും തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു ധ്യാന കേന്ദ്രത്തിലേക്കും തിരികെ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാലു വരെ തൊടുപുഴയിലേക്കും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും.
ജൂബിലിയുടെ വിജയകരമായ നടത്തിപ്പിനായി മോണ്‍. പയസ് മലേക്കണ്ടത്തില്‍, ഫാ. ആന്റണി വിളയപ്പിള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍, ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. ജെയിംസ് കക്കുഴി, സിസ്റ്റര്‍ ജിന്‍സി എന്നിവര്‍ രക്ഷാധികാരികളും ഫാ. ജോസഫ് നിരവത്ത്, ഫാ. റോബിന് പടിഞ്ഞാറേക്കൂറ്റ്, ഫാ.ജോണ്‍ വടക്കന്‍, ഫാ. ജെയിംസ് ചൂരത്തൊട്ടി എന്നിവര്‍ കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.
District News
കൊട്ടിയൂർ: ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ തണലിൽ ഇത്തിരി നേരം'സുവർണ ജൂബിലി മഹാ സംഗമം സംഘടിപ്പിച്ചു. മുൻ സ്കൂൾ മാനേജർ ഫാ.ജോർജ് മമ്പള്ളി ഉദ്ഘാടനം ചെയ്തു .
പിടിഎ പ്രസിഡന്റ് ബോജോ തോമസ് അധ്യക്ഷത വഹിച്ചു. ഫാ.ജോസ് തേക്കനാടി അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാധ്യാപകൻ തോമസ് കുരുവിള, കെ.ടി മാത്യു, മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ് കാളിയാനി, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജയ്സൺ കാരയ്ക്കാട്ട് , പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരൻ, ജെയ്ഷ ബിജു,കൊട്ടിയൂർ ഗ്രാമപഞ്ചായത്തംഗം സിസിലി കണ്ണന്താനം, മുൻ പ്രസിഡന്റ് റോയ് നമ്പുടാകം, കൊട്ടിയൂർ പഞ്ചായത്ത് മെംബർ ജോണി ആമക്കാട്ട്, പ്രിൻസിപ്പൽ എം. യു തോമസ്, മുൻ മുഖ്യാധ്യാപകൻ കെ.സി ദേവസ്യ,ജോയ് സെബാസ്റ്റ്യൻ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സന്തോഷ് മറ്റത്തിൽ,പൂർവവിദ്യാർത്ഥി പ്രതിനിധി കെ.എ ജെയിംസ് ,സൗമ്യ സജീഷ് , മുൻ മാനേജർമാരായ ഫാ.ചാണ്ടി പുനകാട്ട്, ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ ഫാ.വിൻസെന്റ് താമരശേരി, സ്കൂൾ ലീഡർ ആബിദ് അബ്ദുൾ മജീദ്, പ്രോഗ്രാം കൺവീനർ തോമസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Leader Page
അനേകായിരങ്ങൾക്ക് ആശ്വാസവും ആശ്രയവുമായ പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കൻ സന്യാസിനീ സമൂഹം സുവർണ ജൂബിലി നിറവിൽ. കടന്നുപോയ വഴികളിലെ ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടലുകൾ ഓർത്ത് മഹത്വം നൽകാനുള്ള അവസരം. ആഗോള കത്തോലിക്കാ സഭ ജൂബിലിവർഷമായി ആഘോഷിക്കുന്ന ഈ വത്സരം ഡൊമിനിക്കൻ സഭാസമൂഹവും ഭാരതത്തിൽ സ്ഥാപിതമായതിന്റെ അമ്പതാം വർഷം ആഘോഷിക്കുന്നുവെന്നത് ഏറെ അനുഗൃഹീതമാണ്.
വചനപ്രഘോഷകരുടെ സഭ
ദൈവത്തോടു സംസാരിച്ചും ദൈവത്തെപ്പറ്റി സംസാരിച്ചും ഭൂമിയിൽ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച വിശുദ്ധ ഡൊമിനിക് ദെ ഗുസ്മാൻ സ്പെയിനിലെ കലരോയ്ഗയിൽ 1170ലാണ് ജനിച്ചത്. 25-ാം വയസിൽ ഓസ്മയിലെ കാനൻസ് റെഗുലർ സമൂഹത്തിൽ ചേർന്ന് വൈദികനായി. മധ്യകാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ ഇരുൾ വീഴ്ത്തിയ വിവിധ പാഷണ്ഡതകളിൽ ഒന്നായ ആൽബിജെൻസിയ നിസത്തിനെതിരേ വചനപ്രഘോഷണം നടത്തി അനേകരെ സത്യവിശ്വാസത്തിലേക്കാനയിക്കാൻ 1216ൽ വിശുദ്ധ ഡൊമിനിക് വചനപ്രഘോഷകരുടെ സഭ (Order of Preachers) എന്ന വൈദികരുടെ സമൂഹം സ്ഥാപിച്ചു. ഈ സന്യാസസഭയ്ക്ക് വൈദികർ ഉൾപ്പെടുന്ന ഒന്നാം സഭ, ധ്യാനാത്മക ജീവിതം നയിക്കുന്ന സന്യാസിനികൾക്കായുള്ള രണ്ടാം സഭ, ധ്യാനാത്മക ജീവിതവും അപ്പസ്തോലിക പ്രവർത്തനങ്ങളും ഒരുമിച്ചു ചേർത്ത് ജീവിക്കുന്ന സിസ്റ്റേഴ്സും അൽമായ സഹോദരങ്ങളും ഉൾപ്പെടുന്ന മൂന്നാം സഭ എന്നിവയുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കൻ സന്യാസിനീസമൂഹം മൂന്നാം സഭയിൽ ഉൾപ്പെടുന്ന സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുള്ള സ്വതന്ത്ര സന്യാസിനീ സമൂഹമാണ്.
പിന്നീട് തൃശൂർ ആർച്ച്ബിഷപ്പായ മാർ ജോസഫ് കുണ്ടുകുളത്തിന്റെയും ഫാ. ജോസഫ് വിളങ്ങാടന്റെയും നേതൃത്വത്തിൽ 1966ൽ കേരളത്തിൽനിന്ന് ജർമനിയിലേക്ക് അയയ്ക്കപ്പെട്ട സിസ്റ്റർ ക്ലാര മാളിയേക്കൽ, സിസ്റ്റർ ഡാനിയേല വാസുപുരത്തുകാരൻ, സിസ്റ്റർ മാർട്ടീന ഇഞ്ചോടിക്കാരൻ, സിസ്റ്റർ സെബസ്ത്യാന കരിയാറ്റി എന്നിവർ അവരുടെ നിത്യവ്രതവാഗ്ദാനാനന്തരം 1975ൽ കേരളത്തിലേക്ക് തിരിച്ചെത്തി. മാർ ജോസഫ് ഇരുമ്പൻ പിതാവിന്റെ അനുമതിയോടെ 1975 ഡിസംബർ 17ന് പാലക്കാട് രൂപതയിലെ മണ്ണാർക്കാട്ട് ഹോളി സ്പിരിറ്റ് ഡൊമിനിക്കൻ കോൺവെന്റ് എന്ന പേരിൽ സഭാ സമൂഹത്തിന്റെ പ്രഥമ ഭവനം ആരംഭിച്ചു. ഇതാണ് ഇന്ന് ഈ സഭാ സമൂഹത്തിന്റെ ജനറലേറ്റ്.
ലാൻസ്ബർഗിലെ സമൂഹത്തിന്റെ അനുഗ്രഹാശിസുകളാലും സിസ്റ്റർ ഗെർട്രുഡീസ്, സിസ്റ്റർ ഉൾറിക്ക എന്നിവരുടെ അക്ഷീണ യത്നത്താലും അംഗസംഖ്യയിലും പ്രവർത്തനമേഖലകളിലും സവിശേഷമായ അഭിവൃദ്ധി പ്രാപിച്ച ഇന്ത്യയിലെ സമൂഹം 1998 ജനുവരി 28ന് പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കൻ സന്യാസിനീ സമൂഹം എന്ന ഔദ്യോഗിക നാമത്തിൽ സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലുള്ള സ്വതന്ത്ര സന്യാസിനീ സമൂഹമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഈ സഭാസമൂഹത്തിന് 18 സന്യാസ ഭവനങ്ങളിലായി ശുശ്രൂഷ ചെയ്യുന്ന 103 സഹോദരിമാരുണ്ട്.
കേരളത്തിലെ 11 സമൂഹങ്ങളിൽ എട്ട് ഭവനങ്ങളും പാലക്കാട് രൂപതയിൽ തന്നെയാണ്. ഇതിനോട് ചേർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയവും ഉണ്ട്. തൃശൂർ, ഇരിങ്ങാലക്കുട, തലശേരി രൂപതകളിലും കേരളത്തിനു പുറത്ത് കർണാടക, ആന്ധ്ര, ആസാം, തെലുങ്കാന, അരുണാചൽ എന്നിവിടങ്ങളിലും ജർമനിയിലും സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു.
കാരിസവും അപ്പസ്തോലിക പ്രവർത്തനങ്ങളും
ആത്മാക്കളുടെ രക്ഷയ്ക്കായുള്ള സുവിശേഷപ്രഘോഷണമാണ് ഡൊമിനിക്കൻ കാരിസത്തിന്റെ അന്തഃസത്ത. ഇത് നേരിട്ടുള്ള സുവിശേഷപ്രഘോഷണം, പ്രേഷിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ സിസ്റ്റേഴ്സ് പ്രാവർത്തികമാക്കുന്നു. വിദ്യാഭ്യാസം, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായുള്ള പരിശീലനം, ആതുര സേവനം, ഇടവക പ്രേഷിതത്വം, ധ്യാനകേന്ദ്രങ്ങളിലുള്ള ശുശ്രൂഷകൾ, മിഷൻ പ്രവർത്തനങ്ങൾ, നിത്യാരാധന, കൗൺസലിംഗ്, വിശ്വാസപരിശീലനം, ഭവന സന്ദർശനം, വിവിധ ഭക്തസംഘടനകൾക്ക് നേതൃത്വം കൊടുക്കൽ, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഡൊമിനിക്കൻ സിസ്റ്റേഴ്സ് തങ്ങളുടെ കാരിസം ജീവിച്ചുവരുന്നു.
വിശുദ്ധരും വാഴ്ത്തപ്പെട്ടവരും
ഡൊമിനിക്കൻ ആധ്യാത്മികത അതിന്റെ പൂർണതയിൽ ജീവിച്ച് വിശ്വാസജീവിതത്തിൽ മാതൃകയായി തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച 69 വിശുദ്ധരും 200ലധികം വാഴ്ത്തപ്പെട്ടവരും ഡൊമിനിക്കൻ സഭയിൽ ഉണ്ട്. വിശുദ്ധരായ ആൽബർട്ട് ദ ഗ്രേറ്റ്, തോമസ് അക്വിനാസ്, മാർട്ടിൻ ഡി പോറസ്, വിൻസെന്റ് ഫെറർ, സിയന്നായിലെ കത്രീന, ലീമായിലെ റോസ, റിച്ചിയിലെ കത്രീന തുടങ്ങിയ അതിപ്രശസ്തർ ഡൊമിനിക്കൻ സഭാംഗങ്ങളാണ്.
കഴിഞ്ഞ 50 ആണ്ടുകളിൽ ചുറ്റുമുള്ളവർക്ക് വിദ്യയുടെ ഗുരുസാന്നിധ്യമായി, വിശക്കുന്നവർക്ക് അന്നമേകി, മിഷൻ പ്രവർത്തനങ്ങളിൽ തിരിതെളിച്ച്, പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടമേകി, രോഗികൾക്ക് ആശ്വാസസ്പർശമായി എല്ലാറ്റിലും ഉപരിയായി ഈശോയിലേക്ക് ജനങ്ങളെ നയിക്കാൻ പ്രത്യാശയോടെ ജീവിക്കാൻ പ്രചോദനമേകുന്നവരായി പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിക്കൻ സിസ്റ്റേഴ്സ് തിരുവചനത്തിന്റെ സാക്ഷികളായി.
ആധുനിക ലോകത്തിൽ പ്രത്യാശയുടെ തീർത്ഥാടകരായി, പ്രത്യാശയുടെ പ്രഘോഷകരായി ദൈവജനത്തെ പ്രത്യാശയുടെ തുറമുഖത്തേക്ക് ആനയിക്കാൻ ഡൊമിനിക്കൻ സിസ്റ്റേഴ്സ് പ്രയത്നിക്കുന്നു.
NRI
ഫിലഡൽഫിയ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയെ തിരികെ കൊണ്ടുവരികയും ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറയ്ക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമ്മാ സഭയുടെ ഡോ. എബ്രഹാം മാർ പൗലോസ് മെത്രാപ്പൊലീത്ത.
ഗ്രേറ്റർ ഫിലഡൽഫിയയിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുർബാനയെ തുടർന്ന് ജൂബിലി ഉദ്ഘാടനം റവ. ജോസ് ഏബ്രഹാമിന്റെ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് ഇടവക വികാരി റവ. റ്റിറ്റി യോഹന്നാൻ സന്നിഹിതരായിരുന്ന ഏവരേയും സ്വാഗതം ചെയ്തു.